കണ്ണൂർ :ഷുഹൈബ് വധക്കേസ് പ്രതിയുൾപ്പെടെ ആറ് പേർ എംഡിഎംഎയുമായി പിടിയിൽ. 27.820 ഗ്രാം എംഡിഎംഎ ഇവരിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. ഷുഹൈബ് വധക്കേസ് പ്രതി സഞ്ജയ്, എടയന്നൂർ സ്വദേശി മജ്നാസ്, മുണ്ടേരി സ്വദേശി റജിന, തയ്യിൽ സ്വദേശി റനീസ്, കോയ്യോട് സ്വദേശി സഹദ്, പഴയങ്ങാടി സ്വദേശി ഷുഹൈബ് എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്നും ഒരു ലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തു. എംഡിഎംഎ വിൽപ്പനയ്ക്ക് എത്തിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ഇലക്ട്രോണിക് ത്രാസും ഇവരിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ചാലോടുള്ള ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. പിന്നാലെ സംഘവുമായി ബന്ധപ്പെടുന്ന മറ്റ് വ്യക്തികളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവരുടെ ആറ് മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


മറ്റൊരു സംഭവത്തിൽ കണ്ണൂർ പയ്യന്നൂരിൽ ഗ്യാസ് ഏജൻസി കളക്ഷൻ ഏജന്റിനെ ആക്രമിച്ച് രണ്ട് ലക്ഷം രൂപ കവർന്നു. ബൈക്കിൽ എത്തിയ സംഘമാണ് കവർച്ച നടത്തിയത്. പരുക്കേറ്റ കളക്ഷൻ ഏജന്റ് രാമകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം നടന്നത്.
ഓരോ ദിവസത്തെയും കളക്ഷൻ വീട്ടിൽ കൊണ്ടുപോവുകയാണ് ചെയ്യാറുള്ളത്. അടുത്ത ദിവസം ബാങ്കിലെത്തി നിക്ഷേപിക്കുകയും ചെയ്യുന്നതാണ് രാമകൃഷ്ണന്റെ പതിവ്. ഇത് മുൻകൂട്ടി അറിഞ്ഞ സംഘമാണ് കവർച്ച നടത്തിയത്. കളക്ഷനുമായി വീട്ടിലേക്ക് പോകുന്നതിനിടെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം രാമകൃഷ്ണനെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. പണം അടങ്ങിയ ബാഗ് തട്ടിയെടുത്ത ഒടാൻ ശ്രമിച്ച കവർച്ചാ സംഘത്തെ തടയാൻ ശ്രമിച്ചെങ്കിലും വീണ്ടും മർദിച്ച് കട കളയുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Six people including the accused in the Shuhaib murder case arrested with MDMA in Kannur